തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലുമാസത്തിനിടെ സംസ്ഥാന സർക്കാർ 26,461.75 കോടി രൂപ കടമെടുത്തതായി റിപ്പോർട്ട്. കടമെടുപ്പ് പരിധിയിലെ കേന്ദ്ര നിയന്ത്രണങ്ങളും തനത് വരുമാനത്തിലെ കുറവും കാരണം സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
കടപ്പത്രങ്ങൾ ഇറക്കിയും പൊതുവിപണിയിൽ നിന്നുമടക്കമാണ് സർക്കാർ തുക സമാഹരിച്ചത്. അനുദിന ചെലവുകൾ, ക്ഷേമ പെൻഷൻ കുടിശ്ശികകൾ, ശമ്പളം, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവ മുൻപോട്ടു കൊണ്ടുപോകാൻ കടമെടുപ്പിനെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേന്ദ്ര സർക്കാർ അനുവദിച്ച വായ്പാ പരിധി വേഗത്തിൽ തീരുന്നത് വരും മാസങ്ങളിൽ സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റിന് വലിയ വെല്ലുവിളിയാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബദൽ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനും ചെലവുകൾ ചുരുക്കാനും സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്.
