ന്യൂഡൽഹി: ഓണാഘോഷ വേളയിലെ വൻ യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയും ദക്ഷിണ റെയിൽവേയും ചേർന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് പ്രമുഖ മെട്രോ നഗരങ്ങളിൽ നിന്നും നാട്ടിലേക്ക് എത്തുന്ന യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് നടപടി.
സൗത്ത് സെൻട്രൽ, സൗത്ത് വെസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ തുടങ്ങിയ സോണൽ റെയിൽവേകളുമായി സഹകരിച്ചാണ് ദക്ഷിണ റെയിൽവേ പ്രത്യേക സർവീസുകൾ നടത്തുന്നത്. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയുള്ള പ്രധാന ഉത്സവ കാലയളവിലായി ആകെ 112 ഓണം സ്പെഷ്യൽ ട്രെയിൻ ട്രിപ്പുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ദക്ഷിണ റെയിൽവേയുടെ ഇൻട്രാ-സ്പെഷ്യൽ, ഇന്റർ-സ്പെഷ്യൽ സർവീസുകളും മറ്റ് റെയിൽവേ സോണുകൾ പ്രഖ്യാപിച്ച ട്രെയിനുകളും ഉൾപ്പെടുന്നു.
ചെന്നൈ-കൊളളം, തിരുവനന്തപുരം-താംബരം, മംഗളൂരു-ചെന്നൈ, തിരുവനന്തപുരം-സാന്ത്രാ ഗാച്ചി, എറണാകുളം-ബെംഗളൂരു, ഹൈദരാബാദ്-കൊല്ലം, ഹുബ്ബള്ളി-കൊല്ലം തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. പ്രധാന സർവീസുകളുടെ കാലാവധി നീട്ടുകയും പുതിയ ട്രെയിനുകൾ അനുവദിക്കുകയും ചെയ്തതോടെ വെയ്റ്റ്‌ലിസ്റ്റിലുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.
