കണ്ണൂർ: പൊലീസിനെയും ഉദ്യോഗസ്ഥരെയും പരസ്യമായി വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി (Arjun Ayanki) ഒടുവിൽ പിടിയിൽ. കണ്ണൂർ നഗരത്തിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂരിലും കോഴിക്കോടും കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് സംസ്ഥാനവ്യാപകമായി വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ, അർജുൻ സഞ്ചരിച്ച കാർ കണ്ണൂരിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് അഭിഭാഷകയുടെ ഫ്ലാറ്റിലേക്ക് അർജുൻ ആയങ്കി എത്തിയത് ഓട്ടോറിക്ഷയിലായിരുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ നൽകിയ നിർണായക വിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ പോലീസ് സാഹസികമായി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പൊലീസിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് പ്രതിയെ വലയിലാക്കാൻ കഴിഞ്ഞതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി സ്ഥിരീകരിച്ചു.
പോലീസിന്റെ കസ്റ്റഡിയിലായ ശേഷവും "കടലിൽ കാണാതായവരെ കിട്ടിയോ?" എന്ന് ചോദിച്ച് അർജുൻ പരിഹാസം തുടർന്നതായി റിപ്പോർട്ടുകളുണ്ട്.കോതമംഗലം എസ്.എച്ച്.ഒ, ഊന്നുകൽ എസ്.എച്ച്.ഒ, ആഭ്യന്തര മന്ത്രി എന്നിവർക്കെതിരെ ഒളിവിലിരുന്ന് ഭീഷണി സന്ദേശങ്ങളും പോസ്റ്റുകളും പങ്കുവെച്ചതിന് ഉൾപ്പെടെ നാല് കേസുകളാണ് നിലവിൽ ഇയാൾക്കെതിരെയുള്ളത്.
കോതമംഗലം എസ്.എച്ച്.ഒയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.തുടർ നിയമനടപടികൾക്കായി പ്രതിയെ എറണാകുളത്തേക്ക് മാറ്റുമെന്നാണ് ലഭ്യമാകുന്ന വിവരം.
