കൊച്ചി: വാഹനങ്ങളിൽ ചട്ടവിരുദ്ധമായി നടത്തുന്ന മോഡിഫിക്കേഷനുകൾക്കെതിരെ കശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഒന്നിലധികം നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും വെവ്വേറെ 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിൽ കോടതി കടുത്ത അസന്തുഷ്ടി രേഖപ്പെടുത്തി.
പ്രമുഖ ജീപ്പ് മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ചിത്രങ്ങളും ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടും കോടതി പരിശോധിച്ചു. ഈ വാഹനത്തിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിന് 5000 രൂപയും, പിയുസി സംബന്ധമായ ലംഘനത്തിന് 2000 രൂപയുമാണ് ആകെ പിഴ ചുമത്തിയിരുന്നത്. അനധികൃതമായി ഘടിപ്പിച്ച ആറ് ലൈറ്റുകൾക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയത് അപര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ടതിനാണ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നൽകിയതെന്ന റിപ്പോർട്ടുകളെ പരാമർശിച്ചാണ് നിലവിലെ പിഴത്തുക പോരെന്ന നിലപാട് കോടതി ആവർത്തിച്ചത്.
അനുവദനീയമായതിൽ കൂടുതൽ ലൈറ്റുകൾ വാഹനങ്ങളിൽ ഘടിപ്പിക്കാൻ പാടില്ല. അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകളും കളർ ലൈറ്റുകളും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇവ കാൽനടയാത്രക്കാരുടെയും എതിർദിശയിൽ വരുന്ന വാഹനങ്ങളുടെയും കാഴ്ച മറച്ച് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് കോടതി വിലയിരുത്തി.
വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കണം. അമിത ശബ്ദവും തീയും പുറന്തള്ളുന്ന സൈലൻസറുകൾ അപകടസാധ്യത ഉണ്ടാക്കുന്നതിനാൽ ഇവ കർശനമായി നിയന്ത്രിക്കണം.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാത്തരം മോഡിഫിക്കേഷനുകൾക്കുമെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി കർശന നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ പുരോഗതി അടുത്ത മാസം ഏഴിന് കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
