തിരുവനന്തപുരം :സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ വ്യാപക നാശനഷ്ടം. പത്തനംതിട്ട തൂമ്പാക്കുളത്തും ഇടുക്കി കുടയത്തൂരിലെ അടൂര്‍മലയിലും ഉരുൾപൊട്ടി. കുടയത്തൂർ അടൂർമലയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിന് മുകളിലേക്ക് മണ്ണു വീണ് അടൂർമല സ്വദേശി രവിയുടെ ഭാര്യ സുമതി മരണപ്പെട്ടു. വാഗമൺ കോലാഹലമേട്ടിലും ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞു വീണ് ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറി. കനത്ത മഴയെത്തുടർന്ന് വയനാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാലാണ് മഴ കടുക്കുന്നത്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 4 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
