തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡ് (മഞ്ഞ, പിങ്ക്) ഉടമകളിൽ 86,000 ഓളം പേർ അനധികൃതമായി സൗജന്യ റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി കേന്ദ്ര ഭക്ഷ്യവകുപ്പ് കണ്ടെത്തി. റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചതോടെയാണ് വ്യാജരേഖ ചമച്ചും വരുമാനം മറച്ചുവെച്ചും ആനുകൂല്യം തട്ടിയവരെ തിരിച്ചറിഞ്ഞത്.
ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്തതിനാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് അനർഹരെ കണ്ടെത്തിയത്. ഇത്തരക്കാർ സൗജന്യമായി വാങ്ങിയ ധാന്യത്തിന്റെ വിപണിവില പിഴയായി ഈടാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ റേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തെറ്റായ വിവരങ്ങൾ നൽകിയവർക്ക് നോട്ടീസ് അയച്ചുതുടങ്ങി.
തട്ടിപ്പിന്റെ വ്യാപ്തി അനുസരിച്ച് 15,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴയായി അടയ്ക്കേണ്ടി വരും. എന്നാൽ സാധാരണക്കാരായ ആളുകൾക്ക് പിഴത്തുകയിൽ ഇളവ് വരുത്തി 'രക്ഷിക്കാൻ' സംസ്ഥാന സർക്കാർ തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ മുൻഗണനാ കാർഡുകൾ സ്വയം സറണ്ടർ ചെയ്യണമെന്ന് മുൻപും അധികൃതർ നിർദ്ദേശിച്ചിരുന്നു.
