മൂവാറ്റുപുഴ/വാഴക്കുളം: ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും സംരംഭകയുമായ വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ (52) അന്തരിച്ചു. വാഴക്കുളം ബ്രില്യൻസ് സ്റ്റഡി സെന്ററിനു സമീപം 'സ്റ്റാർ ഹാഫ് കുക്ക്ഡ്' എന്ന പേരിൽ ചപ്പാത്തിക്കട നടത്തിവരികയായിരുന്നു അവർ.
വിൽപനയ്ക്കായി യന്ത്രസഹായത്തോടെ മാവ് കുഴയ്ക്കുന്നതിനിടെ അബദ്ധത്തിൽ കൈ കുരുങ്ങുകയായിരുന്നു. യന്ത്രത്തിൽ നിന്നുള്ള അസാധാരണ ശബ്ദവും മണവും കേട്ട് സ്ഥാപനത്തോടു ചേർന്നുള്ള വീട്ടിൽ നിന്ന് മകൻ എത്തിയപ്പോഴാണ് റെജിമോളെ യന്ത്രത്തിൽ കൈ കുടുങ്ങി അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപവാസികളുടെ സഹായത്തോടെ വാഴക്കുളത്തെയും തുടർന്ന് തൊടുപുഴയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മേലുകാവ് പയസ് മൗണ്ട് പാറപ്ലായ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് ജെസ്റ്റിൻ 22 വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു.
* മക്കൾ: ജാസ്മിൻ, ജെസ്റ്റോ.
* സംസ്‌കാരം: ചൊവ്വാഴ്ച രാവിലെ 10.30-ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വാഴക്കുളം സെന്റ് ജോർജ് Q3ഫൊറോന ദേവാലയത്തിൽ നടക്കും.
