പത്തനംതിട്ട:പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച മുൻ നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധതിയിൽ തുടരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിഷയം യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നുമാണ് അടൂർ പ്രകാശിന്റെ പുതിയ വിശദീകരണം.
പദ്ധതിയിൽ തുടരണോ വേണ്ടയോ എന്നത് വിഷയത്തിൽ പഠനം നടത്തുന്ന മന്ത്രിമാരുടെ ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ച് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുദ്ധ്യങ്ങളൊന്നുമില്ലെന്നും വിഷയത്തിൽ മുന്നണിക്കുള്ളിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി എം ശ്രീ പദ്ധതിയിൽ നിന്ന് പിൻവാങ്ങാനാണ് നിലവിൽ ആലോചിക്കുന്നതെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. യുഡിഎഫ് യോഗത്തിൽ പി എം ശ്രീ നടപ്പാക്കുന്നതിനെക്കുറിച്ച് ഗൗരവമുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല.
ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജൻ ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുവെങ്കിലും മുഖ്യമന്ത്രി അന്തിമ തീരുമാനം വ്യക്തമാക്കിയിരുന്നില്ലെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്.
വിഷയത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിമാരുടെ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ കമ്മിറ്റി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ പി എം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് യുഡിഎഫ് കൺവീനർ എങ്ങനെ പ്രഖ്യാപിക്കുമെന്നാണ് ലീഗ് നേതൃത്വം ചോദ്യമുയർത്തിയത്. ലീഗ് നേതൃത്വത്തിന്റെ ഈ പരസ്യ വിയോജിപ്പിന് പിന്നാലെയാണ് അടൂർ പ്രകാശ് തിരുത്തലുമായി രംഗത്തെത്തിയത്.
