Zygo-Ad

സ്വർണ്ണ പണയ സ്ഥാപനത്തിലെ തട്ടിപ്പ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു പ്രതി സിന്ധു അറസ്റ്റിൽ

 


തിരുവനന്തപുരം : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വർണ്ണ പണയ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചവടിനട സ്വദേശി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ജു നേരത്തെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ജൂൺ 30നാണ് ഇരു യുവതികളും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പരിചയക്കാരിയായ സിന്ധു എന്ന സ്ത്രീക്ക് ഇരുവരും ചേർന്ന് 70 പവൻ സ്വർണ്ണം എടുത്തു നൽകുകയായിരുന്നു. പണയം വെച്ച സ്വർണ്ണം തിരികെ എടുക്കാൻ യഥാർത്ഥ ഉടമസ്ഥർ സ്ഥാപനത്തിൽ എത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. അഞ്ജുവിൽ നിന്നും 20 പവനും ഐശ്വര്യയിൽ നിന്നും 50 പവൻ സ്വർണ്ണവുമാണ് സിന്ധു പലപ്പോഴായി കൈക്കലാക്കിയത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ ഉണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് യുവതികളെ ആത്മഹത്യയിലേക്ക് നയിച്ചത്. സ്വർണ്ണം കൈക്കലാക്കിയ ശേഷം സിന്ധു രാജ്യം വിട്ടിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് വിഴിഞ്ഞം പോലീസ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസിന് നിരവധി നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കൂടുതൽ പേർ പ്രതിക്കെതിരെ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. സിന്ധു മുൻപും നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം.

 

വളരെ പുതിയ വളരെ പഴയ