സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതീവ ഗുരുതരമായി തുടരുന്നു. ആയിരക്കണക്കിന് ഒച്ചുകളാണ് ഓരോ പ്രദേശത്തും പെറ്റുപെരുകുന്നത്. രാത്രികാലങ്ങളിൽ കൂട്ടത്തോടെയെത്തുന്ന ഇവ വീടുകളിലെ ചെടികളും കാർഷിക വിളകളും വ്യാപകമായി നശിപ്പിക്കുകയാണ്. ശുദ്ധജലസ്രോതസ്സുകളിലും വീടുകൾക്കകത്തും ഇവയുടെ സാന്നിധ്യം വർധിക്കുന്നത് ജനങ്ങളെ വലിയ ആശങ്കയിലാക്കുന്നുണ്ട്. കാടുമൂടിക്കിടക്കുന്നതും ഈർപ്പം കൂടിയതുമായ പ്രദേശങ്ങളിലാണ് ഇവ പ്രധാനമായും താവളമാക്കുന്നത്. ഇരിണാവ്, ചെറുകുന്ന്, കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരം, പാപ്പിനിശ്ശേരി, മയ്യിൽ, കയരളം, കുറ്റ്യാട്ടൂർ, മടക്കര, അലവിൽ, പയ്യന്നൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഒച്ചുശല്യം രൂക്ഷമാണ്.
മുമ്പ് തീരദേശങ്ങളിൽ മാത്രം കണ്ടിരുന്ന ഈ ഒച്ചുകൾ ഇപ്പോൾ മലയോര മേഖലകളിലും വ്യാപിച്ചുകഴിഞ്ഞു. കാർഷിക മേഖലയ്ക്ക് ഇവ വരുത്തിവെക്കുന്ന നഷ്ടം ചെറുതല്ല. ഇതിനുപുറമേ, കുട്ടികളിൽ മസ്തിഷ്ക ജ്വരം (മെനിഞ്ചൈറ്റിസ്) പോലുള്ള ഗുരുതരമായ രോഗങ്ങൾ പടർത്താൻ ഇവ കാരണമായേക്കുമെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് ആശങ്ക വർധിപ്പിക്കുന്നു. ചത്തുപോകുന്ന ഒച്ചുകൾ ജീർണിച്ച് അസഹ്യമായ ദുർഗന്ധം വമിക്കുന്നതും മറ്റൊരു പ്രതിസന്ധിയാണ്. കർഷകർ നേരിടുന്ന ഈ വലിയ നാശനഷ്ടങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.
അക്കാറ്റിന ഫൂലിക്ക എന്നാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശാസ്ത്രനാമം. കേരളത്തിൽ 2005 മുതൽ ഇവയെ കണ്ടുതുടങ്ങിയിരുന്നെങ്കിലും 2018 ലെ പ്രളയത്തിനു ശേഷമാണ് ഇവയുടെ വ്യാപനം ഇത്രയധികം വർധിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. അനുകൂലമായ കാലാവസ്ഥയിൽ ഒരു ഒച്ചിന് വർഷത്തിൽ നാല് തവണയായി ആയിരത്തിലധികം മുട്ടകൾ വരെ ഇടാൻ കഴിയും. ഇവ രണ്ടാഴ്ചയ്ക്കകം വിരിഞ്ഞിറങ്ങും. ആറുമാസം കൊണ്ട് പ്രായപൂർത്തിയാകുന്ന ഇവ വീണ്ടും മുട്ടയിടാൻ തുടങ്ങുന്നതോടെയാണ് വ്യാപനം അതിവേഗത്തിലാകുന്നത്. മണ്ണിനടിയിലും മറ്റുമായി പത്തു വർഷം വരെ ജീവിക്കാൻ ഇവയ്ക്ക് സാധിക്കും.
പ്രതിരോധ മാർഗങ്ങൾ
പരിസര ശുചിത്വം പാലിക്കുകയാണ് ഒച്ചുകളെ നിയന്ത്രിക്കാനുള്ള പ്രധാന വഴി. ജൈവ അവശിഷ്ടങ്ങൾ ഒരിടത്തും കൂട്ടിയിടരുത്. ഈർപ്പമുള്ള അടിക്കാടുകൾ വെട്ടിത്തെളിക്കുകയും മഴക്കാലത്തിനു ശേഷം കൃഷിസ്ഥലങ്ങളിലെ മണ്ണ് ഇളക്കി കൊടുക്കുകയും ചെയ്യുന്നത് ഒച്ചിന്റെ മുട്ടകൾ നശിപ്പിക്കാൻ സഹായിക്കും. താറാവുകളെ വളർത്തുന്നത് ഒച്ചുകളെ ഇല്ലാതാക്കാനുള്ള മികച്ചൊരു ജൈവനിയന്ത്രണ മാർഗമാണ്.
വൈകുന്നേരങ്ങളിൽ കാബേജ്, പപ്പായ തുടങ്ങിയവയുടെ ഇലകൾ ചാക്കിലിട്ട് തീറ്റക്കെണികൾ ഒരുക്കി ഒച്ചുകളെ ആകർഷിച്ച് പിടികൂടാം. ഇങ്ങനെ ശേഖരിക്കുന്ന ഒച്ചുകളെ ഒരു ലിറ്റർ വെള്ളത്തിൽ 200 ഗ്രാം ഉപ്പ് കലർത്തിയ ലായനിയിൽ ഇട്ട് നശിപ്പിക്കാവുന്നതാണ്. ഒച്ചുകളുടെ എണ്ണം കുറവാണെങ്കിൽ ബ്ലീച്ചിങ് പൗഡർ, പുകയില, തുരിശ് എന്നിവ വിതറുന്നതും ഫലപ്രദമാണ്. 500 ഗ്രാം ഗോതമ്പ് പൊടി, 250 ഗ്രാം ശർക്കര, 25 ഗ്രാം വീതം യീസ്റ്റും തുരിശും ചേർത്തുണ്ടാക്കുന്ന മിശ്രിതം ചണച്ചാക്കിൽ നനച്ചു വെക്കുന്നതും നല്ലൊരു കെണിയാണ്. കൂടാതെ, മൂന്ന് ഗ്രാം തുരിശോ കോപ്പർ ഓക്സി ക്ലോറൈഡോ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കുന്നതും മതിൽ, മരത്തടികൾ എന്നിവയിൽ തുരിശുലായനി പ്രയോഗിക്കുന്നതും ഒച്ചുകളെ അകറ്റും. വാഴ, കമുക്, തെങ്ങ് തുടങ്ങിയ വിളകളിൽ ഒച്ചുകൾ കയറാതിരിക്കാൻ 10 ശതമാനം വീര്യമുള്ള ബോർഡോ കുഴമ്പ് തേച്ചുപിടിപ്പിക്കാവുന്നതാണ്.
