Zygo-Ad

വെളിച്ചെണ്ണ വിപണി കൈയടക്കി ഇതരസംസ്ഥാന ലോബി; നാടൻ ചെറുകിട മില്ലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

 


തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്തതും വില കുറഞ്ഞതുമായ വെളിച്ചെണ്ണ വൻതോതിൽ എത്തുന്നതും തേങ്ങയുടെ ലഭ്യതക്കുറവും കാരണം സംസ്ഥാനത്തെ പരമ്പരാഗത ചെറുകിട മില്ലുകൾ കടുത്ത പ്രതിസന്ധിയിൽ. വിപണിയിലെ കടുത്ത തിരിച്ചടി കാരണം ഭൂരിഭാഗം മില്ലുകളും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ഇതോടെ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് തൊഴിലാളികളും തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.

തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വെളിച്ചെണ്ണ ലോബി കേരള വിപണി കീഴടക്കിയതാണ് പ്രാദേശിക മില്ലുകളുടെ തകർച്ചയ്ക്ക് പ്രധാന കാരണം. നാടൻ മില്ലുകൾ ഒന്ന്, അര ലിറ്റർ പാക്കറ്റുകളിൽ കൃത്യമായ അളവിൽ വെളിച്ചെണ്ണ നൽകുമ്പോൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പാക്കറ്റുകളിൽ 50 മുതൽ 100 മില്ലി ലിറ്റർ വരെ അളവ് കുറവാണെന്ന് മില്ലുടമകൾ ആരോപിക്കുന്നു. അളവിൽ കുറവ് വരുത്തുന്നതിനൊപ്പം മറ്റ് എണ്ണകൾ വ്യാപകമായി മായം കലർത്തുന്നതു കൊണ്ടാണ് ഇവർക്ക് കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ വിൽക്കാൻ സാധിക്കുന്നത്. കുറഞ്ഞ വിലയുള്ള വ്യാജ വെളിച്ചെണ്ണ വിപണി നിറഞ്ഞതോടെ നാടൻ മില്ലുകളിലെ ശുദ്ധമായ വെളിച്ചെണ്ണ വിറ്റുപോകാത്ത സാഹചര്യമാണ്.

കാലാവസ്ഥാ വ്യതിയാനം, കീടാക്രമണം, വളത്തിന്റെ വിലക്കയറ്റം, തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം എന്നിവ കാരണം സംസ്ഥാനത്ത് തേങ്ങ ഉൽപ്പാദനം വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇത് പ്രാദേശിക മില്ലുകൾക്ക് ആവശ്യമായ തേങ്ങ ലഭിക്കുന്നതിനും തടസ്സമാകുന്നു. കണ്ണൂർ ജില്ലയിൽ മാത്രം നൂറ്റമ്പതോളം വെളിച്ചെണ്ണ മില്ലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിൽ 60 ശതമാനവും നിലവിൽ അടച്ചിടേണ്ട അവസ്ഥയിലാണ്. വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കച്ചവടം 30 ശതമാനമായി ചുരുങ്ങിയതോടെ മില്ലുടമകളും തൊഴിലാളികളും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ്.


വളരെ പുതിയ വളരെ പഴയ