കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടുകൂടി സംസ്ഥാനത്തെ പൊതുഗതാഗത മേഖലയും സ്വകാര്യ ബസ് വ്യവസായവും വൻ തകർച്ച നേരിടുകയാണെന്ന് ബസ് ഉടമകൾ. ഈ സാഹചര്യത്തിൽ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. സംഘടനയുടെ ആഹ്വാനപ്രകാരം ജൂലൈ 20 മുതൽ 25 വരെ ഒരാഴ്ചക്കാലം തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിൽ ബസ് ഉടമകളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന റിലേ ധർണ്ണയും പ്രതിഷേധ മാർച്ചും നടത്താൻ തീരുമാനിച്ചതായി തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അടിക്കടി ഉണ്ടാകുന്ന ഡീസൽ വിലവർദ്ധനവും മഴക്കാലത്തെ അധിക ഇന്ധനച്ചെലവും ബസ് വ്യവസായത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ഇതിന് പുറമെയാണ് കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയും യാത്രക്കാരുടെ കുറവും കാരണം കളക്ഷനിൽ വലിയ ഇടിവുണ്ടായിരിക്കുന്നത്. ബസ് യാത്രക്കാരിൽ 60 ശതമാനത്തോളം സ്ത്രീകളാണ്. ഇവർ പൂർണ്ണമായും കെഎസ്ആർടിസിയെ ആശ്രയിക്കാൻ തുടങ്ങിയതോടെ സ്വകാര്യ ബസുകളിൽ ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് വേതനം നൽകാനോ കഴിയാത്ത അവസ്ഥയാണുള്ളത്.
നഷ്ടം സഹിക്കാൻ കഴിയാത്തതിനാൽ സംസ്ഥാനത്തെ പല ജില്ലകളിലും സ്വകാര്യ ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തിവെക്കുകയാണ്. പ്രതിദിനം 800 രൂപയോളം ഡീസൽ ഇനത്തിൽ മാത്രം അധികച്ചെലവ് വരുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും വിദ്യാർത്ഥികളുടെ കൺസെഷൻ യാത്രാനിരക്കിൽ വർദ്ധനവ് വരുത്തണമെന്നും തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ യൂണിറ്റ് ജനറൽ സെക്രട്ടറി കെ. ഗംഗാധരൻ ആവശ്യപ്പെട്ടു.
