സംസ്ഥാനത്ത് യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്.
ഓട്ടോറിക്ഷകളില്‍ യാത്രക്കാരെയും അവരുടെ വ്യക്തിഗത ലഗേജും മാത്രമേ അനുവദിക്കൂവെന്ന നിയമം കർശനമായി നടപ്പാക്കാൻ എല്ലാ ആർ.ടി.ഒമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യാത്രാ ഓട്ടോറിക്ഷകളില്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി ചരക്കുകള്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വ്യാപകമായി ലഭിച്ചതോടെയാണ് നടപടി ശക്തമാക്കിയത്. ഇത്തരത്തിലുള്ള പരാതികള്‍ക്കൊപ്പം ഫോട്ടോകളും ആർ.ടി.ഒ ഓഫീസുകളില്‍ ലഭിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
കേരള മോട്ടോർ വാഹന ചട്ടം 154(5) പ്രകാരം പാസഞ്ചർ ഓട്ടോറിക്ഷകളില്‍ യാത്രക്കാരുടെ വ്യക്തിപരമായ ലഗേജുകള്‍ മാത്രമേ കൊണ്ടുപോകാൻ അനുമതിയുള്ളൂ. വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള ചരക്ക് ഗതാഗതത്തിന് യാത്രാ ഓട്ടോറിക്ഷകള്‍ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്.
നിയമം ആവർത്തിച്ച് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് എംവിഡി മുന്നറിയിപ്പ് നല്‍കുന്നത്. പിഴയ്ക്ക് പുറമെ ഡ്രൈവിങ് ലൈസൻസും പെർമിറ്റും റദ്ദാക്കുന്നതുവരെ നടപടികള്‍ സ്വീകരിക്കാനാകും.
ഇ-ചെല്ലാൻ സംവിധാനം നിലവിലുള്ളതിനാല്‍ മുൻപ് ചുമത്തിയ പിഴകളും നിയമ ലംഘനങ്ങളും പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് ഉടൻ തന്നെ പരിശോധിക്കാനാകും.
ആദ്യതവണ പിടിക്കപ്പെടുന്നവർക്ക് കുറഞ്ഞത് 3,000 രൂപ മുതല്‍ പിഴ ലഭിക്കാം. വീണ്ടും നിയമ ലംഘനം ആവർത്തിച്ചാല്‍ പിഴ 7,500 രൂപയായി ഉയരും.
അതേസമയം, യാത്രാ ഓട്ടോറിക്ഷയില്‍ ചരക്ക് കയറ്റി ഗതാഗതം നടത്തുന്നത് വ്യക്തമായാല്‍ ആദ്യതവണ തന്നെ 10,000 രൂപ വരെ പിഴ ചുമത്താൻ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
അതേസമയം, യാത്രക്കാർക്ക് സ്വന്തം വ്യക്തിഗത സാധനങ്ങള്‍ ഓട്ടോറിക്ഷയില്‍ ഒപ്പം കൊണ്ടു പോകുന്നതിന് വിലക്കില്ല. എന്നാല്‍ അത് യാത്രക്കാരന്റെ ലഗേജിന്റെ പരിധിക്കുള്ളിലായിരിക്കണം. ഡ്രൈവർ ഉള്‍പ്പെടെ നാല് പേരെയാണ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാൻ അനുവദിച്ചിരിക്കുന്നത്.
അടുത്ത കാലത്തായി ചില ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് യാത്രാ ഓട്ടോറിക്ഷകളെ ഉപയോഗിക്കുന്നതായും പരാതിയുണ്ട്. ഇത്തരത്തിലുള്ള സേവനങ്ങളും നിയമ വിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി.
ചരക്ക് വാഹന ഉടമകളില്‍ നിന്നുള്ള പരാതികളും വർധിച്ച സാഹചര്യത്തിലാണ് പരിശോധനയും നടപടികളും കൂടുതല്‍ ശക്തമാക്കാൻ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
