തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
ആശുപത്രികള്‍ക്കുള്ളില്‍ രാഷ്ട്രീയ സംഘടനകളുടെ കൊടി കെട്ടിയുള്ള ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
പകരം കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാനാണ് സർക്കാരിന്‍റെ നീക്കം. യൂത്ത് കോണ്‍ഗ്രസ്, സേവാ ഭാരതി, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകള്‍ക്ക് ഈ തീരുമാനം ബാധകമായിരിക്കും.
മന്ത്രിയുടെ നിലപാട് ധിക്കാരത്തിന്‍റേതാണെന്നും പൊതിച്ചോർ വിതരണത്തില്‍ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും വി.കെ. സനോജ് തിരിച്ചടിച്ചു.
പൊതിച്ചോറിന്‍റെ കാര്യത്തില്‍ എന്തിനാണ് ശത്രുത മനോഭാവമെന്ന് ചോദിച്ച വി.കെ. സനോജ്, ആരോഗ്യമന്ത്രി ഈഗോ ഒഴിവാക്കി സംഘടനകളുമായി ചർച്ച നടത്തണമെന്നും അഭിപ്രായപ്പെട്ടു.
