Zygo-Ad

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ

 


നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ.20 ലക്ഷം രൂപ പിഴയും അടയ്ക്കണം.

കേസ് അപൂർവങ്ങളില്‍ അപൂർവമാണെന്ന് കോടതി പറഞ്ഞു. പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. ഒന്നര വർഷത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്.

2025 ജനുവരി 27നായിരുന്നു നെന്മാറ ഇരട്ടക്കൊലപാതകം നടന്നത്. സുധാകരനെയും അമ്മ ലക്ഷ്മിയെയും വീടിന് മുന്നില്‍വെച്ച്‌ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട്‌ ഓടിവന്ന ലക്ഷ്‌മിയെയും ചെന്താമര വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ലക്ഷ്‌മി സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്‌.

2019ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയായിരുന്നു. സജിതയും സുധാകരനും ലക്ഷ്‌മിയുമാണ് ഇതിന് കാരണമെന്ന് ആരോപിച്ചായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്‌. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം, സജിതയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 3.25 ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചു. പിഴത്തുക നല്‍കാനായില്ലെങ്കില്‍ തുല്യമായ കാലയളവ് ശിക്ഷ അനുഭവിക്കണം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് നിരീക്ഷിച്ചായിരുന്നു ചെന്താമരയ്ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.


വളരെ പുതിയ വളരെ പഴയ