Zygo-Ad

'വന്ദേമാതരം' ബില്ലിന് ലോക്സഭയുടെ അംഗീകാരം; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം കനത്തു


ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ നിയമപരമായ സംരക്ഷണം നല്‍കുന്ന ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബില്‍ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബില്‍ അവതരിപ്പിച്ചു. ബില്‍ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഡി.എം.കെ എം.പി കെ. കനിമൊഴി ആരോപിച്ചു.

ബില്‍ അവതരിപ്പിക്കുന്നതിനിടെ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളക്കെതിരെ പ്രതിപക്ഷം ലോക്സഭയില്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധം അവഗണിച്ചാണ് ബില്‍ പാസാക്കിയത്. തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജനഗണമനയെ അപമാനിക്കുന്നതിന് സമാനമായി മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും ചേർന്നോ ശിക്ഷ ലഭിക്കുന്നതാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. ബില്‍ ബുധനാഴ്ച രാജ്യസഭയും പാസാക്കിയിരുന്നു.

അതേ സമയം, പൊതുപരീക്ഷ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യസഭയിലും ഭരണ-പ്രതിപക്ഷ പോര് രൂക്ഷമായി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ആരോപിച്ചു. 

സർവകലാശാലകളെ കാവിവത്കരിക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മനുസ്മൃതിയുമായി ബന്ധപ്പെട്ട ഖർഗെയുടെ പരാമർശങ്ങള്‍ സഭാരേഖകളില്‍ ഉള്‍പ്പെടുത്തില്ലെന്ന് രാജ്യസഭ അധ്യക്ഷൻ അറിയിച്ചു.

ഇതിനിടെ പാർലമെന്റ് സമ്മേളിച്ചപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയില്‍ ഹാജരാകാത്തത് പ്രതിപക്ഷം ചോദ്യം ചെയ്തു.

 അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും സമരക്കാർക്കെതിരായ ആക്രമണവും ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് ലോക്സഭ നടപടികള്‍ രണ്ട് മണിവരെ നിർത്തി വച്ചു. 

സഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പാർലമെന്റ് കവാടത്തിലും പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ