എംഡിഎംഎയുമായി മുൻ പൈലറ്റ് പിടിയില്‍. 814 ഗ്രാം എംഡിഎംഎയുമായാണ് കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയിലായത്.
കോഴിക്കോട് വെസ്റ്റ്ഹില്‍ പോഷ് ഹില്‍ റോഡ് റെഡ് റോസില്‍ അർഷാദ് അലി എന്ന അജ്ജു(33) ആണ് ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപാർട്ട്മെന്റില്‍ നിന്ന് സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.
അർഷാദ് അലിക്കെതിരെ രാജേന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു. എംഡിഎംഎക്ക് രാജ്യാന്തര വിപണിയില്‍ 35 ലക്ഷം രൂപ വില വരും.
മുമ്പ് ഒരു സ്വകാര്യ എയർലൈനില്‍ പൈലറ്റായി പ്രവർത്തിച്ച അർഷാദ് അലി നിലവില്‍ ഒരു കമ്പനിയിലും പ്രവർത്തിക്കുന്നില്ല. നോയിഡയില്‍ നിന്നാണ് ഇയാള്‍ അഞ്ചു ലക്ഷം രൂപ നല്‍കി എംഡിഎംഎ വാങ്ങിയതെന്നാണ് ലഭിച്ച വിവരം.
ലഹരി മരുന്നു വില്‍പനക്ക് ശേഷം ബാക്കി തുക നല്‍കാനായിരുന്നു ധാരണ. തുടക്കത്തില്‍ സ്വന്തം ആവശ്യത്തിനായി എംഡിഎംഎ വാങ്ങി ഉപയോഗിച്ച ഇയാള്‍ സാമ്പത്തിക നേട്ടം മനസിലാക്കി ലഹരി മരുന്നു വില്‍പനയിലേക്ക് തിരിഞ്ഞതെന്നാണ് സൂചന. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
