തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണ രംഗത്ത് കള്ളത്തൂക്കവും മറ്റ് ക്രമക്കേടുകളും പൂർണ്ണമായി തടയുന്നതിനായി പുതിയ സ്മാർട്ട് സംവിധാനം ഏർപ്പെടുത്തുന്നു. റേഷൻ വിഹിതം കൃത്യമായ അളവിൽത്തന്നെ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ റേഷൻ കടകളിലും ഇലക്‌ട്രോണിക് ത്രാസുകൾ നിർബന്ധമാക്കാനാണ് തീരുമാനം. ഈ ഇലക്‌ട്രോണിക് അളവുതൂക്ക യന്ത്രങ്ങളെ നിലവിലുള്ള ഇ-പോസ് (e-PoS) സംവിധാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ റേഷൻ വിതരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
ഇലക്‌ട്രോണിക് ത്രാസ് നടപ്പിലാക്കുന്നതിനൊപ്പം റേഷൻ കടകളെ കൂടുതൽ ആധുനികവത്കരിക്കാനുള്ള പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. റേഷൻ വിതരണ സോഫ്റ്റ്‌വേറിൽ മാറ്റങ്ങൾ വരുത്തി, കാർഡുടമകൾ ബയോമെട്രിക് പഞ്ചിംഗ് നടത്തുമ്പോൾ ഗുണഭോക്താവിന്റെ ചിത്രം സ്ക്രീനിൽ തെളിയുന്ന രീതിയിലാണ് പുതിയ ക്രമീകരണം. യഥാർഥ ഗുണഭോക്താക്കൾ തന്നെയാണ് റേഷൻ കൈപ്പറ്റുന്നത് എന്ന് ഉറപ്പുവരുത്താൻ ഈ ഡിജിറ്റൽ സംവിധാനം വഴി സാധിക്കും.
ഇ-പോസ് മെഷീനുകളും ഇലക്‌ട്രോണിക് തൂക്കയന്ത്രങ്ങളും തമ്മിൽ ബന്ധിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇത് പൂർണ്ണതോതിൽ നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി ലക്ഷ്യത്തിലെത്തിയിരുന്നില്ല.
ചില റേഷൻ വ്യാപാരികൾ വിതരണം ചെയ്ത ധാന്യങ്ങളുടെ കൃത്യമായ തുക സർക്കാരിലേക്ക് ഒടുക്കുന്നില്ലെന്ന പരാതികളും വിതരണത്തിലെ അളവ് തൂക്ക വ്യത്യാസങ്ങൾ, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ് തുടങ്ങിയ ക്രമക്കേടുകളും വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് കടക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. പുതിയ സ്മാർട്ട് സംവിധാനം വരുന്നതോടെ റേഷൻ വിതരണത്തിലെ അഴിമതികൾക്ക് വലിയൊരു പരിധി വരെ തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
