Zygo-Ad

മെസിയെയും അർജന്റീനയെയും ടൂർണമെന്റിൽ നിലനിർത്താൻ ചതിച്ചു; കടുത്ത ആരോപണങ്ങളുമായി ഈജിപ്ഷ്യൻ പരിശീലകൻ

 


അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് മുഖ്യപരിശീലകൻ ഹൊസാം ഹസ്സൻ രംഗത്ത്. മത്സരത്തിൽ തങ്ങൾ ക്രൂരമായി വഞ്ചിക്കപ്പെട്ടെന്നും ലോക ചാമ്പ്യന്മാരായ അർജന്റീനയെയും സൂപ്പർ താരം ലയണൽ മെസിയെയും ടൂർണമെന്റിൽ നിലനിർത്താൻ റഫറിമാർ ബോധപൂർവ്വം ശ്രമിച്ചതായും ഹസ്സൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.

അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഈജിപ്ത് മുന്നിലായിരുന്നു. എന്നാൽ അവസാന 13 മിനിറ്റിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന 3-2 ന്റെ നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ റഫറിയുടെ പല തീരുമാനങ്ങളും തങ്ങൾക്ക് കനത്ത തിരിച്ചടിയായെന്ന് ഹൊസാം ഹസ്സൻ ചൂണ്ടിക്കാട്ടി. ഈജിപ്ത് മുന്നിൽ നിൽക്കുമ്പോൾ മുസ്തഫ സിക്കോ നേടിയ ഗോൾ, മൂവ് തുടങ്ങുന്നതിന് വളരെ മുൻപ് മാർട്ടീനസിനെ ഫൗൾ ചെയ്തു എന്ന് കാണിച്ച് വാർ (VAR) പരിശോധനയിലൂടെ റഫറി റദ്ദാക്കിയിരുന്നു.

അർജന്റീനയുടെ വിജയഗോളിന് തൊട്ടുമുൻപ് ബോക്സിനുള്ളിൽ വെച്ച് ഈജിപ്ഷ്യൻ താരം ഹംദി ഫത്തിയെ അർജന്റീനയുടെ അലക്സിസ് മാക് അലിസ്റ്റർ ജേഴ്സിയിൽ പിടിച്ച് വലിച്ചിട്ടിട്ടും റഫറിയോ വാർ സംവിധാനമോ അത് പരിശോധിക്കാൻ പോലും തയ്യാറായില്ലെന്ന് ഹസ്സൻ ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷൊബൈറിന് മഞ്ഞക്കാർഡും സപ്പോർട്ടിങ് സ്റ്റാഫിന് ചുവപ്പുകാർഡും ലഭിച്ചിരുന്നു.

തങ്ങൾ അനീതിക്ക് ഇരയായെന്നും ലയണൽ മെസി കളിയിൽ തുടരണമെന്ന് ബാഹ്യശക്തികൾ ആഗ്രഹിച്ചിട്ടുണ്ടാകാമെന്നും ഹസ്സൻ വൈകാരികമായി പ്രതികരിച്ചു. റഫറിയിങ്ങിലെ അനീതിയിൽ പ്രതിഷേധിച്ച് ഈ ലോകകപ്പിലെ ബാക്കി മത്സരങ്ങൾ താൻ കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോറ്റെങ്കിലും മുഹമ്മദ് സലാ, ഒമർ മർമൂഷ് എന്നിവരൊഴികെ ഭൂരിഭാഗവും ആഭ്യന്തര ലീഗിൽ കളിക്കുന്ന താരങ്ങളെ വെച്ച് അർജന്റീനയെ വിറപ്പിക്കാൻ കഴിഞ്ഞതിൽ ടീമിനെ കോച്ച് അഭിനന്ദിച്ചു. മെസിയുടെ പെനാൽറ്റി തടഞ്ഞ ഗോൾകീപ്പർ മുസ്തഫ ഷൊബൈറിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്.

ടൂർണമെന്റിലെ മത്സരക്രമത്തെയും ഹസ്സൻ ശക്തമായി വിമർശിച്ചു. പ്രീ-ക്വാർട്ടർ മത്സരം ഉച്ചയ്ക്ക് 12 മണിക്ക് വെച്ചതിനെതിരെയായിരുന്നു വിമർശനം. ഈ സമയത്ത് കളിക്കാർ എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച അർജന്റീന ഇനി സ്വിറ്റ്‌സർലൻഡിനെ നേരിടും.



വളരെ പുതിയ വളരെ പഴയ