അറ്റ്‌ലാന്റ/വാൻകൂവർ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ അവിശ്വസനീയ തിരിച്ചുവരവ് നടത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അറ്റ്‌ലാന്റയിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് 12 മിനിറ്റിനിടെ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന 3-2 ന് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമും 67-ാം മിനിറ്റിൽ മുസ്തഫ സിക്കോയും നേടിയ ഗോളുകളിലൂടെ ഈജിപ്ത് മുന്നിലെത്തിയിരുന്നു. എന്നാൽ 78-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേരോ, 83-ാം മിനിറ്റിൽ ലയണൽ മെസി, 92-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് എന്നിവർ നേടിയ ഗോളുകളിലൂടെ അർജന്റീന വിജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിന്റെ 19-ാം മിനിറ്റിൽ ലയണൽ മെസി എടുത്ത പെനാൽറ്റി കിക്കിങ് ഈജിപ്ത് ഗോളി തടുത്തിരുന്നു.
മറ്റൊരു ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. വാൻകൂവറിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനാകാത്തതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. കൊളംബിയൻ മുന്നേറ്റങ്ങളെ സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബലിന്റെ മികച്ച പ്രകടനമാണ് തടഞ്ഞുനിർത്തിയത്. 1954 ന് ശേഷം ആദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്സർലൻഡിന്റെ എതിരാളികൾ.
