തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്‌നേഹാലയം' എന്ന് മാറ്റി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹ്യനീതി വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇനി മുതൽ വൃദ്ധസദനങ്ങൾ എന്ന പേര് ഉപയോഗിക്കില്ല. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം കണക്കിലെടുത്താണ് നടപടി.
ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. കൂടാതെ 'വൃദ്ധസദനം' എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു.
നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാൻ അടിയന്തര ഭരണപരമായ നടപടികൾ സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
'വൃദ്ധർ' എന്ന പ്രയോഗം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം ഉണ്ടാക്കുന്നതിനാൽ വൃദ്ധസദനം എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യു നൽകിയ പരാതിയിലാണ് ഉത്തരവ്. സർക്കാർ ഉത്തരവ് പ്രകാരം മുൻപ് തന്നെ പേര് 'സ്‌നേഹാലയം' എന്ന് മാറ്റിയിരുന്നെങ്കിലും ഇപ്പോഴും പഴയ പേര് തന്നെയാണ് ഉപയോഗിക്കുന്നതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
