കേരളം: ബൈക്ക് അപകടത്തിൽപ്പെട്ട് അത്യാസന്ന നിലയിൽ ആശുപത്രിയിലാണെന്ന പ്രചാരണങ്ങൾക്കിടെ പ്രമുഖ യൂട്യൂബർ ദിൽഷാദിനെ മേഘാലയയിൽ നിന്നും കണ്ടെത്തി. അപകട വാർത്ത വ്യാജമാണെന്നും ദിൽഷാദ് സുരക്ഷിതനായി മേഘാലയയിലുണ്ടെന്നും പോലീസും ബന്ധുക്കളും സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ദിൽഷാദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതായും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെ ആരാധകരും നാട്ടുകാരും വലിയ ആശങ്കയിലാവുകയും വിഷയം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ പരിശോധനയിലാണ് ഇയാൾ മേഘാലയയിൽ റൈഡിലായിരുന്നുവെന്ന വിവരം വ്യക്തമായത്. ദിൽഷാദ് പൂർണ്ണ ആരോഗ്യവാനാണെന്നും വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു.
