വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിമാരും ജനപ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി ഗവണ്‍മെന്റ് പോളിടെക്നിക് കോളജിലും പരുക്കേറ്റവർ ചികിത്സയിലുള്ള വിംസ് ആശുപത്രിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തി. ജില്ലാ കളക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.
അതേസമയം വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്ത കാരണത്തില്‍ വ്യക്തതയില്ലാതെ സർക്കാർ. മനുഷ്യ നിർമിത ദുരന്തമെന്ന മന്ത്രി ടി സിദ്ദീഖിന്റെ പ്രസ്താവന മുഖ്യമന്ത്രി വി ഡി സതീശൻ പരോക്ഷമായി തള്ളി.
സ്വാഭാവികമായ പ്രകൃതി ദുരന്തമല്ലെന്നും അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞുള്ള മനുഷ്യ നിർമിത ദുരന്തമെന്നുമായിരുന്നു കള്ളാടിയിലെ മണ്ണിടിച്ചിലിന് പിന്നാലെ മന്ത്രി ടി സിദ്ദിഖിന്റെ പ്രതികരണം.
ഈ വാദം ഇന്നും മന്ത്രി ആവർത്തിച്ചു. എന്നാല്‍ മല ഇടിഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നായിരുന്നു ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.
മലയുടെ ചെറിയ ഭാഗം കൂടി ഇടിഞ്ഞു വീണെന്നായിരുന്നു റവന്യൂ മന്ത്രി എ പി അനില്‍കുമാർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ദുരന്തത്തില്‍ സർക്കാരില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെ, മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി.
അതേസമയം വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ 5 പേർക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയും മൂടല്‍മഞ്ഞും ദൗത്യത്തിന് വെല്ലുവിളിയാണ്. മൂന്ന് പേരുടെ മൃതദേഹമാണ് ദുരന്തസ്ഥലത്ത് നിന്ന് കണ്ടെടുത്തത്.
ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെയും എംബാമിങ് നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൂർത്തിയാക്കി.
ദുരന്തത്തില്‍ നടത്തിപ്പുകാരുടെയും കരാറുകാരുടെയും സർക്കാർ വകുപ്പുകളുടെയും ഭാഗത്ത് അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ.
വയനാട് ജില്ലാ കളക്ടർ, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയർ എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 ന് ബത്തേരി മുൻസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
