Zygo-Ad

ബേബി പൗഡർ ഉപയോഗം അർബുദത്തിന് കാരണമായെന്ന് പരാതി: ജോൺസൺ ആൻഡ് ജോൺസൺ 550 കോടി ഡോളർ നഷ്ടപരിഹാരം നൽകും.

 


വാഷിംഗ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക്കം പൗഡർ ഉൾപ്പെടെയുള്ള ബേബി പൗഡറുകൾ ഉപയോഗിച്ചതിലൂടെ അണ്ഡാശയ അർബുദം (Ovarian Cancer) ബാധിച്ചെന്ന കേസിൽ 550 കോടി ഡോളർ (ഏകദേശം 45,000-ത്തിലധികം കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കമ്പനി ധാരണയിലെത്തി. പതിനായിരക്കണക്കിന് ഉപഭോക്താക്കൾ ഫയൽ ചെയ്ത കേസുകൾ അവസാനിപ്പിക്കാനാണ് വൻതുക നഷ്ടപരിഹാരം നൽകാൻ ആഗോള ഔഷധ നിർമ്മാണ ഭീമന്മാരായ ജോൺസൺ ആൻഡ് ജോൺസൺ തയ്യാറായത്.

യു.എസ് ഫെഡറൽ, സ്റ്റേറ്റ് കോടതികളിലായി നിലവിലുള്ള എഴുപതിനായിരത്തോളം കേസുകൾ ഈ ഒത്തുതീർപ്പിന്റെ പരിധിയിൽ വരും. പരാതിക്കാരുടെ അഭിഭാഷകരുമായി നടത്തിയ ധാരണ പ്രകാരം കേസ് നൽകിയവരിൽ 95 ശതമാനം ആളുകളും ഈ നിർദ്ദേശം അംഗീകരിക്കുന്നതോടെ ഒത്തുതീർപ്പ് ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. 2027, 2028 വർഷങ്ങളിലായി തുക വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

കമ്പനിയുടെ ടാൽക്കം പൗഡറുകളിൽ മാരകമായ ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്നും ഇത് അർബുദത്തിന് കാരണമായെന്നുമാണ് കേസ്. എന്നാൽ ഉൽപ്പന്നങ്ങൾക്ക് ക്യാൻസറുമായി ബന്ധമില്ലെന്ന് കമ്പനി ആവർത്തിച്ചു വാദിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി നീളുന്ന നിയമപോരാട്ടങ്ങൾക്ക് അന്ത്യം കുറിക്കാനാണ് തുക നൽകാൻ സമ്മതിച്ചതെന്ന് വ്യക്തമാക്കുന്നു. 2020-ൽ അമേരിക്കയിലും കാനഡയിലും ടാൽക് അടങ്ങിയ പൗഡറുകളുടെ വിൽപന കമ്പനി അവസാനിപ്പിച്ചിരുന്നു.


വളരെ പുതിയ വളരെ പഴയ