കൊച്ചി: സംസ്ഥാന പൊലീസ് സംഘടനകളുടെ പുനഃക്രമീകരണത്തിൽ സർക്കാരിന് വൻ തിരിച്ചടി. പൊലീസ് അസോസിയേഷൻ പുനഃസംഘടിപ്പിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി.
സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്നും സംഘടന രൂപീകരിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 47 വർഷമായി പ്രവർത്തിക്കുന്ന സംഘടനയുടെ അംഗത്വ ഘടന പുനഃസംഘടിപ്പിച്ചത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. സായുധ സേനാംഗങ്ങളുടെ മൗലികാവകാശങ്ങളിൽ മാറ്റം വരുത്താൻ പാർലമെന്റിന് മാത്രമാണ് അധികാരമുള്ളതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ കേസിൽ അന്തിമ വിധി വരുന്നത് വരെ ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ജൂലൈ 27-നായിരുന്നു ആഭ്യന്തരവകുപ്പ് കേരള പൊലീസ് അസോസിയേഷൻ അംഗത്വഘടന പുനഃസംഘടിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയത്.
ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതിന് തൊട്ടുപിന്നാലെ ഡിജിപിയും വിഷയത്തിൽ നടപടിയെടുത്തിരുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നിലവിലുള്ള ഭരണസമിതികൾ ഡിജിപി പിരിച്ചുവിട്ടു. തുടർന്ന് പുതിയ ഭരണസമിതി രൂപീകരണത്തിനും അംഗത്വ പൂർത്തീകരണത്തിനുമായി അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. പൊലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി. ആർ. അജിത് ഉൾപ്പെടെ 17 പേരടങ്ങുന്ന താൽക്കാലിക ഭരണസമിതിയെയായിരുന്നു ഇതിനായി നിയോഗിച്ചിരുന്നത്. ഈ നടപടികൾക്കാണ് ഇപ്പോൾ കോടതി സ്റ്റേയിലൂടെ തട വീണിരിക്കുന്നത്.
