സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി. സുപ്രീം കോടതി ഉത്തരവിലെ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ഈ നടപടി നടപ്പിലാക്കുക.
വിദഗ്ധ പരിശോധനകൾക്ക് ശേഷം പേവിഷബാധ സ്ഥിരീകരിച്ചവയെയും അതിക്രമകാരികളായ തെരുവുനായ്ക്കളെയും അനുകമ്പാപൂർവ്വം ദയാവധത്തിന് വിധേയമാക്കാമെന്നാണ് സർക്കാർ നിർദ്ദേശം. കഴിഞ്ഞ മെയ് 19 നാണ് അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ സുപ്രീം കോടതി ഉത്തരവിറക്കിയത്. എന്നാൽ കോടതി വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ നേരിട്ടുള്ള അനുമതി ഉണ്ടായിരുന്നില്ല.
സംസ്ഥാനത്തുടനീളം തെരുവുനായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കർശന നടപടികൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ഇപ്പോൾ നേരിട്ട് അനുമതി നൽകിയിരിക്കുന്നത്.
