തിരുവനന്തപുരം: പിണറായി വിജയനെ വിമർശിക്കാൻ എന്തിനാണ് പേടിക്കുന്നതെന്ന് ചോദ്യവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. പാർട്ടി കമ്മിറ്റികളിൽ താനടക്കം അദ്ദേഹത്തെ വിമർശിക്കാറുണ്ടെന്നും അക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറയാറില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സി.പി.എം അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ച നടപടിയുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. "ഞങ്ങൾ എന്തിനാണ് പേടിക്കുന്നത്? ഞങ്ങളെല്ലാം അദ്ദേഹത്തെ വിമർശിക്കാറുണ്ട്. അത് മാധ്യമങ്ങളോട് പറയാത്തത് പാർട്ടി സംഘടനാ കാര്യമായതിനാലാണ്. ഞങ്ങൾക്ക് പറയാനുള്ളത് പാർട്ടിയിൽ പറയും. അതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ആലോചിക്കും. എല്ലാവരെയും പാർട്ടിയിൽ വിമർശിക്കും, സ്വയം വിമർശനവുമുണ്ട്. തെറ്റ് തിരുത്തി മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി," ഇ.പി. ജയരാജൻ വ്യക്തമാക്കി.
