മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസുകള്‍ വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ കുടുങ്ങിയതായി പരാതി.
അടിയന്തര സാഹചര്യത്തില്‍ പോലും ടോള്‍ ജീവനക്കാർ വഴിയൊരുക്കിയില്ലെന്ന് ആക്ഷേപം ഉയർന്നു.
അപകട സ്ഥലത്ത് നിന്ന് ആദ്യം എത്തിയ ആംബുലൻസ് ഡ്രൈവർ ടോള്‍ ജീവനക്കാരെ വിവരം അറിയിച്ചു. പിന്നാലെ കൂടുതല്‍ ആംബുലൻസുകള്‍ എത്തും, പ്രത്യേക പാത ഒരുക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല.
ഇതോടെ കോട്ടക്കലിലെ ആശുപത്രികളിലേക്ക് പോയ പിന്നാലെയെത്തിയ ആംബുലൻസുകള്‍ ടോള്‍ പ്ലാസയില്‍ ഏറെ നേരം കുടുങ്ങിക്കിടന്നു.
പരിക്കേറ്റവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കേണ്ടതിന്റെ ആധിയിലായിരുന്നു ഡ്രൈവർമാർ. വലിയ ആംബുലൻസുകള്‍ക്ക് സുഖമമായി കടന്നു പോകാൻ ടോളില്‍ പ്രത്യേക ട്രാക്ക് ഇല്ല എന്നതാണ് പ്രധാന പ്രശ്നം. നിലവിലുള്ള വഴി പരിക്കേറ്റ രോഗികളെ കൊണ്ടുപോകാൻ പ്രയാസമുള്ളതാണ് എന്നും ഡ്രൈവർമാർ പറഞ്ഞു.
അവസാനം മറ്റുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് ആംബുലൻസുകള്‍ കടത്തി വിട്ടത്. ജീവൻ രക്ഷിക്കാൻ പോകുന്ന വാഹനങ്ങള്‍ക്ക് പോലും മുൻഗണന നല്‍കാത്തത് ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാരും ആരോഗ്യ പ്രവർത്തകരും കുറ്റപ്പെടുത്തി. അതേ സമയം കുറ്റിപ്പുറത്ത് സ്വകാര്യബസ് അപകടത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്.
കുറ്റിപ്പുറത്ത് റെയില്‍വേ മേല്‍പാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് ഇന്ന് ഉച്ചയോടെ അപകടം സംഭവിച്ചത്. ഇറക്കമുള്ള പ്രദേശമാണ്. വളവാണ്. അമിത വേഗത ആകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ബസ് രണ്ടായി പിളരുകയായിരുന്നു, ബസ് വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു . എതോ വണ്ടിയെ ഓവർടേക്ക് ചെയ്ത ഡിവൈഡറിലിടിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.
ബസിൻ്റെ ടയർ ഊരിത്തെറിച്ചു. ഒരു ഡിവൈഡറിലിടിച്ച് കാരണം ബസ് മറിഞ്ഞ് വലതുവശത്തെ ഡിവൈഡറിന് മുകളില്‍ വീണു. കഴിഞ്ഞ ആഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞ് വീണത്. ബസ് വേഗത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. യാത്രക്കാരെല്ലാം സീറ്റില്‍ ഇരിക്കുകയായിരുന്നു.
അപകടം നടന്നയുടൻ ഡീസല്‍ ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്കൊഴുകാൻ തുടങ്ങി. ടയറിനെന്തെങ്കിലും പറ്റി നിയന്ത്രണം പോയതാണോ അമിത വേഗമാണോ അപകടത്തിൻ്റെ കാരണങ്ങള്‍ എന്തെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധിക്കുകയാണ്. തലകീഴായി മറിഞ്ഞ ബസില്‍ നിന്ന് യാത്രക്കാരെ നാട്ടുകാർ പണിപ്പെട്ടാണ് പുറത്തെടുത്തത്.
പെരുവയല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത് മൂന്ന് പേരുടെ നിലഗുരുതരമാണ്. അപകട മേഖലയാണെന്നും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
