സിഎംആർഎൽ - എക്‌സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും തിരിച്ചടിയായി സിഎംആർഎൽ എംഡി ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) നൽകിയ മൊഴി പുറത്ത്. പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്‌ക്കും അവരുടെ കമ്പനിക്കും പണം നൽകിയതെന്ന് ശശിധരൻ കർത്ത മൊഴി നൽകി. വീണയോ എക്‌സാലോജിക്കോ സിഎംആർഎല്ലിന് എതെങ്കിലും തരത്തിലുള്ള സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
2024 ഏപ്രിലിൽ ഇഡിക്ക് നൽകിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 2.78 കോടി രൂപയാണ് വീണയ്‌ക്കും എക്‌സാലോജിക്കിനുമായി സിഎംആർഎൽ കൈമാറിയത്. നൽകാത്ത സേവനങ്ങളുടെ പേരിലാണ് വീണ പണം കൈപ്പറ്റിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. താൻ നേരിട്ട് സിഎംആർഎല്ലിന് ഗൈഡൻസ് നൽകുകയായിരുന്നു എന്ന് വീണ മുൻപ് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നെങ്കിലും ഇതിന് തെളിവായി ഇ-മെയിലുകളോ മറ്റ് രേഖകളോ ഹാജരാക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.
വീണയ്‌ക്ക് മാസം അഞ്ച് ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന രീതിയിലായിരുന്നു സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നത്. കൂടാതെ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായി നൽകിയതായും മൊഴിയിലുണ്ട്. 2014-15 കാലഘട്ടത്തിൽ നഷ്‌ടത്തിലായിരുന്ന എക്‌സാലോജിക് കമ്പനിക്ക്, 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമാണ് സിഎംആർഎല്ലുമായി കരാറിലേർപ്പെടാൻ കഴിഞ്ഞതെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. കേസുമായി ബന്ധപ്പെട്ട് വീണയുടെ അക്കൗണ്ടുകളും സിഎംആർഎല്ലിന്റെ 242 അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചിട്ടുണ്ട്. എക്‌സാലോജിക് കമ്പനി നിലവിൽ പ്രവർത്തിക്കുന്നില്ല.
