Zygo-Ad

ടെലഗ്രാമിന് കേന്ദ്രത്തിന്റെ നോട്ടീസ്; പൈറേറ്റഡ് കണ്ടന്റുകള്‍ നീക്കിയില്ലെങ്കില്‍ കടുത്ത നടപടി


ന്യൂഡല്‍ഹി: ടെലഗ്രാം പ്ലാറ്റ്‌ഫോം വഴി വ്യാപകമായി നടക്കുന്ന പൈറസിക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. പൈറേറ്റഡ് സിനിമകള്‍, ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകള്‍, മറ്റ് ഓഡിയോ-വിഷ്വല്‍ കണ്ടന്റുകള്‍ എന്നിവ ടെലഗ്രാമിലൂടെ വ്യാപകമായി പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് കേന്ദ്ര വാർത്താ-പ്രക്ഷേപണ മന്ത്രാലയം ടെലഗ്രാമിന് നോട്ടീസ് നല്‍കി.

15 ദിവസത്തിനകം നടപടിയെടുക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.

പൈറേറ്റഡ് സിനിമകളും പകർപ്പവകാശം ലംഘിക്കുന്ന മറ്റ് ഓഡിയോ-വിഷ്വല്‍ കണ്ടന്റുകളും കണ്ടെത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും അവയിലേക്കുള്ള പ്രവേശനം തടയുന്നതിനും അവ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ടെലഗ്രാമിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

പകർപ്പവകാശ ലംഘനം ആവർത്തിക്കുന്ന ചാനലുകള്‍, ഗ്രൂപ്പുകള്‍, ബോട്ടുകള്‍, അക്കൗണ്ടുകള്‍, അഡ്മിനിസ്ട്രേറ്റർമാർ, അവയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കണം.

 കൂടാതെ, സിനിമാ നിർമ്മാതാക്കള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍, നിയമപാലന ഏജൻസികള്‍ എന്നിവർക്കായി ടെലഗ്രാമില്‍ നിലവിലുള്ള പരാതി പരിഹാര സംവിധാനത്തിന്റെ വിശദാംശങ്ങളും സമർപ്പിക്കണമെന്ന് കേന്ദ്ര വാർത്താ-പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.

പൈറേറ്റഡ് കണ്ടന്റ് തടയാനും കണ്ടെത്താനും നീക്കം ചെയ്യാനുമായി ടെലഗ്രാം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന ആക്ഷൻ ടേക്കണ്‍ റിപ്പോർട്ട് 15 ദിവസത്തിനകം മന്ത്രാലയത്തിന് സമർപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

ഓരോ ചാനലിനെതിരെയും പ്രത്യേകം നടപടിയെടുക്കുന്ന രീതിയില്‍ നിന്ന് പ്ലാറ്റ്ഫോമിനെ മുഴുവനായി ഉത്തരവാദിത്വത്തിന് വിധേയമാക്കുന്ന സമീപനത്തിലേക്കുള്ള മാറ്റമാണിതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുമ്പ് പൈറേറ്റഡ് കണ്ടന്റ് പ്രചരിപ്പിച്ച 3,000-ത്തിലധികം ടെലഗ്രാം ചാനലുകള്‍ക്കെതിരെ കേന്ദ്രം നടപടി സ്വീകരിച്ചിരുന്നു.

ഐടി ആക്‌ട് പ്രകാരവും ഐടി ചട്ടങ്ങള്‍ പ്രകാരവും ഒരു ഇന്റർ മീഡിയറി എന്ന നിലയില്‍ ടെലഗ്രാം നിർബന്ധമായും ജാഗ്രതാ പൂർവമായ ഉത്തരവാദിത്വം പാലിക്കണമെന്ന് കേന്ദ്രസർക്കാർ ഓർമ്മിപ്പിച്ചു.

കോപ്പി റൈറ്റ് ലംഘനം ഒരു സിവില്‍ നിയമലംഘനം മാത്രമല്ലെന്നും ഇന്ത്യയില്‍ കോപ്പി റൈറ്റ് ആക്‌ട്, 1957, സിനിമാറ്റോ ഗ്രാഫ് ആക്‌ട്, 1952 എന്നിവ പ്രകാരം ക്രിമിനല്‍ കുറ്റം കൂടിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. 

പൈറേറ്റഡ് കണ്ടന്റ് പ്ലാറ്റ്ഫോമില്‍ തുടർന്നും ലഭ്യമായാല്‍ കൂടുതല്‍ പരിശോധനയും നടപടിയും നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇന്ത്യയിലെ ക്രിയേറ്റർ ഇക്കോണമി, സിനിമാ വ്യവസായം, ബ്രോഡ്കാസ്റ്റർമാർ, ഒടിടി പ്ലാറ്റ്ഫോമുകള്‍, നിർമ്മാതാക്കള്‍, വിതരണക്കാർ എന്നിവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ഈ നടപടിയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ