Zygo-Ad

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച: ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാൽ പുഴുവരിച്ചു; മറ്റൊരു രോഗി കട്ടിലിൽ നിന്ന് വീണു മരിച്ചു

 


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയെന്ന് ആക്ഷേപം. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിഞ്ഞിരുന്ന മധ്യവയസ്കന്റെ കാൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതാണ് ഒരു സംഭവം. കൊല്ലം പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ഈ ദുരനുഭവം ഉണ്ടായത്. അതീവ ശ്രദ്ധയോടെ പരിചരിക്കേണ്ട ഐസിയുവിൽ വെച്ചാണ് രോഗിയുടെ കാൽ പുഴുവരിക്കുന്ന അവസ്ഥയുണ്ടായത് എന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇതിനു പുറമേ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റൊരു രോഗി കട്ടിലിൽ നിന്ന് താഴെ വീണ് മരിച്ചതായും റിപ്പോർട്ടുകളുണ്ട്. കൊല്ലം പടപ്പക്കര ലെനിൻ ഭവനത്തിൽ വിൽഫ്രഡ് (62) ആണ് മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിൽഫ്രഡിന്റെ മകൻ ലെനിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എസ്. അനിൽകുമാറാണ് ഈ കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ മെയ് 25 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഞ്ചാം വാർഡിൽ പതിനേഴാം നമ്പർ ബെഡിൽ ചികിത്സയിലായിരുന്നു വിൽഫ്രഡ്. മെയ് 30-ന് വൈകുന്നേരം അഞ്ചരയോടെയാണ് അദ്ദേഹം കട്ടിലിൽ നിന്ന് തറയിൽ കമിഴ്ന്നു വീണത്. ഉടൻ തന്നെ ഡോക്ടർമാർ പരിശോധിക്കുകയും നില ഗുരുതരമായതിനാൽ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഒരു മണിക്കൂറിനകം വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ തുടർച്ചയായ വീഴ്ചകൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

 

വളരെ പുതിയ വളരെ പഴയ