സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികളുടെ പ്രവേശന നടപടികൾ പൂർത്തിയായി. ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആകെ 2,46,638 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ജനറൽ വിഭാഗത്തിൽ ലഭ്യമായിരുന്ന 1,56,836 സീറ്റുകളിൽ 1,56,768 സീറ്റുകളിലും അലോട്ട്മെന്റ് നടന്നു കഴിഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനായി സംസ്ഥാനത്താകെ 4,44,772 അപേക്ഷകരാണ് ഉണ്ടായിരുന്നത്. നിലവിൽ 71,264 സീറ്റുകൾ ഒഴിവുണ്ട്.
അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർഥികൾ നിർബന്ധമായും സ്ഥിര പ്രവേശനം നേടിയിട്ടുണ്ട്. എന്നാൽ മറ്റ് ഓപ്ഷനുകൾ ലഭിച്ചവർക്ക് അവരുടെ താല്പര്യപ്രകാരം സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാനുള്ള അവസരം ഉണ്ടായിരുന്നു. താൽക്കാലിക പ്രവേശനം നേടിയവർക്ക് അടുത്ത അലോട്ട്മെന്റുകളിൽ ഉയർന്ന ഓപ്ഷനുകൾ ലഭിക്കുകയാണെങ്കിൽ അതിലേക്ക് മാറാൻ സാധിക്കും.
അതേസമയം, ഒന്നാം അലോട്ട്മെന്റിൽ ഇടം ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം പോലും നേടാത്ത വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയകളിൽ പരിഗണിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രവേശന നടപടികളുടെ ഭാഗമായുള്ള രണ്ടാം അലോട്ട്മെന്റ് ജൂൺ 22നും മൂന്നാം അലോട്ട്മെന്റ് ജൂൺ 29നും നടക്കും.
