ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. വെബ്സൈറ്റ് വഴി ലഭിക്കാത്തവർക്ക് ഡിജിലോക്കർ വഴിയും ഇത് ലഭ്യമാകും.
പേര്, റോൾ നമ്പർ, പരീക്ഷാ കേന്ദ്രം, സമയം തുടങ്ങിയ വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എന്തെങ്കിലും തെറ്റുകളോ പൊരുത്തക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ എൻടിഎ ഹെൽപ്‌ലൈൻ നമ്പറുകളിലോ അല്ലെങ്കിൽ neetug2026@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള ചോദ്യപേപ്പറിന്റെ ഭാഷ, പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവയിൽ യാതൊരുവിധ മാറ്റങ്ങളും അനുവദിക്കില്ല.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും കാപ്ച കോഡും നൽകി സബ്മിറ്റ് ചെയ്താൽ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
ജൂൺ 21-ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5:15 വരെയാണ് പുനഃപരീക്ഷ നടക്കുക. ഈ വർഷം ഏകദേശം 22.75 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. മെയ് 3-ന് നടന്ന പരീക്ഷയിൽ 22.05 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് നിരന്തരം പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
