Zygo-Ad

കോഴിക്കോട്ട് ഷിഗല്ല ബാധിച്ച് ഏഴു വയസ്സുകാരൻ മരിച്ചു; സംസ്ഥാനത്ത് ഈ വർഷം നാലാമത്തെ മരണം

 


കോഴിക്കോട്: സംസ്ഥാനത്ത് ഷിഗല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴു വയസ്സുകാരനാണ് മരണപ്പെട്ടത്. കടുത്ത വയറിളക്കത്തെത്തുടർന്ന് ഈ മാസം 12-നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു.

നിലവിൽ നാല് കുട്ടികളാണ് ഷിഗല്ല ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൽ ചികിത്സയിലായിരുന്ന ഒരു കുട്ടിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.

ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 135 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ 75 പേർ കടുത്ത രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുമുണ്ട്. ഈ വർഷം ഷിഗല്ല ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. മാലിന്യം കലർന്ന കുടിവെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ഷിഗല്ല ബാധിക്കാനുള്ള സാധ്യതയും അപകടസാധ്യതയും വളരെ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


വളരെ പുതിയ വളരെ പഴയ