തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തുമെന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. വടക്കൻ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്തുടനീളം ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലകളിലുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം. കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന നിർദ്ദേശമുണ്ട്.
