കൊച്ചി: ഏരെ രാഷ്ട്രീയ പ്രാധാന്യമുള്ള അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ വിസ്താരം പൂർത്തിയായി. കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർക്കെതിരെ സാക്ഷികളാരും മൊഴി നൽകിയില്ല. വിചാരണയ്ക്ക് ഹാജരാകാൻ കോടതി സമൻസ് അയച്ചിരുന്നെങ്കിലും അവസാന ദിവസമായ ഇന്ന് പല സാക്ഷികളും കോടതിയിൽ എത്തിയില്ല.
കേസിൽ ആകെ 33 പ്രതികളാണുള്ളത്. പ്രോസിക്യൂഷന് വേണ്ടി സിബിഐ പ്രോസിക്യൂട്ടർമാരായ എം. നവാസ്, കെ. പത്മനാഭൻ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ. രാമൻ പിള്ളയും കോടതിയിൽ ഹാജരായി.
2012 ഫെബ്രുവരി 20-നാണ് എം.എസ്.എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. അന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ തളിപ്പറമ്പ് പട്ടുവത്ത് വെച്ച് ആക്രമണമുണ്ടായിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചെറുകുന്ന് കീഴറയിൽ വെച്ച് ഷുക്കൂർ കൊല്ലപ്പെടുന്നത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ച് സി.പി.എം പ്രാദേശിക നേതാക്കൾ നടത്തിയ കൊലപാതക ആസൂത്രണം ജയരാജനും രാജേഷിനും അറിയാമായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
