Zygo-Ad

പത്താം ക്ലാസുകാരന്റെ വാട്ടർബോട്ടിലിൽ വാറ്റ്ചാരായം; സഹപാഠി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

 


കോഴിക്കോട്: സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ നിന്ന് വാറ്റ്ചാരായം കണ്ടെത്തി. വിദ്യാർത്ഥികൾക്കിടയിൽ മദ്യോപയോഗം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. വാട്ടർബോട്ടിലിൽ ചാരായം കൊണ്ടുവന്ന കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സഹപാഠിയാണ് ഇത് നൽകിയതെന്ന വിവരം ലഭിച്ചത്.

ഈ വിദ്യാർത്ഥി മറ്റ് പല കുട്ടികൾക്കും ഇത്തരത്തിൽ പതിവായി ചാരായം എത്തിച്ചു നൽകാറുണ്ടെന്ന് വ്യക്തമായതോടെ സ്കൂൾ അധികൃതർ താമരശ്ശേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, തന്റെ രണ്ടാനച്ഛൻ വീട്ടിൽ ചാരായം വാറ്റാറുണ്ടെന്നും അതിന് താൻ സഹായിക്കാറുണ്ടെന്നും വിദ്യാർത്ഥി സമ്മതിച്ചു. ചാരായം സൂക്ഷിച്ച സ്ഥലത്തെക്കുറിച്ച് കുട്ടി നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് കട്ടിപ്പാറ ചമൽ പൂവൻമലയിൽ പരിശോധന നടത്തി.

വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ 28 ലിറ്റർ (56 കുപ്പി) വാറ്റ്ചാരായം പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കേസിൽ പ്രധാന പ്രതിയായ വിദ്യാർത്ഥിയുടെ രണ്ടാനച്ഛൻ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.



വളരെ പുതിയ വളരെ പഴയ