തിരുവനന്തപുരം: കേരള പൊലീസിൽ പഴയ സർക്കിൾ സംവിധാനം വീണ്ടും നടപ്പാക്കാൻ നിർണായക ശുപാർശ. നിലവിൽ ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്.എച്ച്.ഒ) പ്രവർത്തിക്കുന്ന രീതി മാറ്റി, 63 വലിയ പൊലീസ് സ്റ്റേഷനുകളിൽ മാത്രം ഈ സംവിധാനം നിലനിർത്തണമെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്. ബാക്കിയുള്ള സ്റ്റേഷനുകളിൽ പഴയതുപോലെ സർക്കിൾ സംവിധാനം പുനഃസ്ഥാപിക്കാനാണ് നിർദേശം.
പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് പുതിയതായി 210 പൊലീസ് സർക്കിളുകൾ രൂപീകരിക്കും. ഇതോടെ മൂന്ന് പൊലീസ് സ്റ്റേഷനുകൾക്ക് വീതം ഒരു സർക്കിൾ ഇൻസ്പെക്ടറുടെ (സി.ഐ) മേൽനോട്ടം ഉറപ്പാക്കാൻ സാധിക്കും.
ഈ പുതിയ ക്രമീകരണത്തിലൂടെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന 206 ഇൻസ്പെക്ടർമാരെ ഇൻവെസ്റ്റിഗേഷൻ ഉൾപ്പെടെയുള്ള മറ്റ് പ്രധാന വിഭാഗങ്ങളിലേക്ക് പുനർവിന്യസിക്കാനും ശുപാർശയുണ്ട്. സർക്കിൾ സംവിധാനം നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം സ്റ്റേഷനുകളുടെയും ഭരണച്ചുമതല വീണ്ടും സബ് ഇൻസ്പെക്ടർമാരുടെ (എസ്.ഐ) കൈകളിലേക്ക് തിരികെയെത്തും.
