Zygo-Ad

പകർച്ചവ്യാധി ഭീതിയിൽ കേരളം; പതിമൂന്ന് ദിവസത്തിനിടെ നാൽപ്പത്തിയൊന്ന് മരണം, ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്


 സംസ്ഥാനത്ത് പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നു. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ മാത്രം വിവിധ പകർച്ചവ്യാധികൾ ബാധിച്ച് സംസ്ഥാനത്ത് നാൽപ്പത്തിയൊന്ന് പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിൽ ഇൻഫ്ലുവൻസ ബാധിച്ചാണ് ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞത്. ഒൻപത് പേരാണ് ഇൻഫ്ലുവൻസ മൂലം മരിച്ചത്. എലിപ്പനി ബാധിച്ച് എട്ടു പേർക്കും ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേർക്കും ജീവൻ നഷ്ടമായിട്ടുണ്ട്. ഇതിനുപുറമേ തൃശൂരിൽ ഷിഗല്ല രോഗബാധ കൂടി സ്ഥിരീകരിച്ചതോടെ ആരോഗ്യ മേഖല അതീവ ജാഗ്രതയിലാണ്.

സംസ്ഥാനത്ത് തുടരുന്ന ഇടവിട്ടുള്ള മഴയാണ് രോഗവ്യാപനം ഇത്രയധികം രൂക്ഷമാകാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളികകൾ കഴിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. പനി ബാധിച്ചാൽ സ്വയംചികിത്സ ഒഴിവാക്കി കൃത്യമായ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചു.


വളരെ പുതിയ വളരെ പഴയ