Zygo-Ad

ട്രോളി ബാഗില്‍ 11.82 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; കേരള സൗന്ദര്യ മത്സര മത്സരാര്‍ത്ഥി വിമാനത്താവളത്തില്‍ പിടിയില്‍


മുംബൈ: ബാങ്കോക്കില്‍ നിന്നും ട്രോളി ബാഗില്‍ ഒളിപ്പിച്ച്‌ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 11.82 കോടി രൂപ വിലമതിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ഹൈഡ്രോപോണിക് കഞ്ചാവുമായി മലയാളി മോഡല്‍ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.

'മിസിസ് കേരള 2025' സൗന്ദര്യ മത്സരത്തിലെ മത്സരാർത്ഥിയായിരുന്ന ഹർഷ സണ്ണി (28) ആണ് അറസ്റ്റിലായത്.

ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റ് ആണ് ഇവരെ പിടികൂടിയത്. ബാങ്കോക്കില്‍ നിന്നുള്ള തായ് എയർവേസ് വിമാനത്തിലാണ് ഇവർ മുംബൈയില്‍ എത്തിയത്. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടയിലാണ് ഹർഷയുടെ പെരുമാറ്റത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. 

തുടർന്ന് ഇവരുടെ ലഗേജുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ട്രോളി ബാഗിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച നിലയില്‍ 12 വാക്വം സീല്‍ഡ് പാക്കറ്റുകള്‍ കണ്ടെടുത്തു. പാക്കറ്റുകള്‍ തുറന്നപ്പോള്‍ പച്ചനിറത്തിലുള്ള ഉണങ്ങിയ പൂക്കളും മൊട്ടുകളും അടങ്ങിയ സസ്യഭാഗങ്ങളാണ് കണ്ടെത്തിയത്. 

എൻഡിപിഎസ് നിയമപ്രകാരമുള്ള ഫീല്‍ഡ് ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ ഇത് ഉയർന്ന ഗുണനിലവാരമുള്ള ഹൈഡ്രോപോണിക് ഇനത്തില്‍പ്പെട്ട കഞ്ചാവ് (ഹൈഡ്രോപോണിക് വീഡ്) ആണെന്ന് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ലഹരി മരുന്ന് വിപണിയില്‍ ഇതിന് 11.82 കോടിയിലധികം രൂപ വില വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

എന്നാല്‍ ബാഗ് തന്റേതല്ല എന്നായിരുന്നു പ്രതിയുടെ വാദം. യാത്രാമധ്യേ പരിചയപ്പെട്ട സഹയാത്രികനാണ് ബാഗ് താല്‍ക്കാലികമായി തന്നെ ഏല്‍പ്പിച്ചതെന്നും പിന്നീട് അയാള്‍ അപ്രത്യക്ഷനാവുകയായിരുന്നു എന്നുമാണ് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ തന്ത്രമായാണ് കസ്റ്റംസ് ഇതിനെ കാണുന്നത്. 

ലഹരിമരുന്ന് പിടിച്ചെടുത്തതിനെ തുടർന്ന് എൻഡിപിഎസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഹർഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജൂണ്‍ 11-ന് ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഹർഷയുടെ മുൻകാല യാത്രാ വിവരങ്ങള്‍, ഫോണ്‍ രേഖകള്‍, അന്താരാഷ്ട്ര ലഹരി മരുന്ന് കടത്ത് സംഘങ്ങളുമായുള്ള ബന്ധം എന്നിവയെക്കുറിച്ച്‌ അന്വേഷണ സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 ലഹരി മരുന്ന് എവിടെ നിന്നാണ് കൊണ്ടു വന്നതെന്നും ഇതിന് പിന്നില്‍ മറ്റ് ആരെങ്കിലും ഉണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

വളരെ പുതിയ വളരെ പഴയ