Zygo-Ad

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 രൂപ ധനസഹായം; ഈ അദ്ധ്യയന വര്‍ഷം മുതൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നല്‍കുമെന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഈ അദ്ധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍.

തിരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച അഞ്ച് ഇന്ദിര ഗ്യാരന്റികളും നടപ്പിലാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വരാനിരിക്കുന്ന സംസ്ഥാന ബഡ്ജറ്റിന്റെ ഭാഗമായി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നാലുവർഷ ബിരുദ കോഴ്സുകള്‍ നടപ്പിലാക്കിയതില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

 കൃത്യമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് പദ്ധതി നടപ്പിലാക്കിയത് എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് സർവകലാശാലകളെയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പ്രയാസത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

നാലു വർഷ ബിരുദ കോഴ്സിനെക്കുറിച്ച്‌ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് പറഞ്ഞ മന്ത്രി സമിതി നല്‍കുന്ന നിർദേശങ്ങള്‍ സ്വീകരിച്ച്‌ കോഴ്സില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.

 സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ ഗവർണർ നടത്തുന്ന ഇടപെടലുകളില്‍ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

സർവകലാശാലകളിലെ അനാവശ്യ ഇടപെടലുകള്‍ക്ക് തുടക്കമിട്ടത് മുൻപത്തെ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഒരു നീക്കത്തെയും യുഡിഎഫ് സർക്കാർ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ