Zygo-Ad

ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ നടപടി ഹൈക്കോടതി അസാധുവാക്കി


കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് അംഗത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. വടക്കഞ്ചേരി പഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ഇദ്ദേഹം നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഉത്തരവിനൊപ്പമാണ് സുനിലിന്റെ സത്യപ്രതിജ്ഞയും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയത്. ഔദ്യോഗിക ചട്ടങ്ങൾ ലംഘിച്ച് ഉമ്മൻചാണ്ടിയുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.

എൽഡിഎഫ് അംഗമായ സി കണ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ചട്ടലംഘനം നടത്തിയ സുനിലിനെ പഞ്ചായത്ത് അംഗമായി തുടരാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ സുനിലിനെ അയോഗ്യനാക്കാതെ സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും നടത്താനാണ് കോടതി ഉത്തരവിട്ടത്. ഇത്തരം ഭരണഘടനാ വിരുദ്ധമായ നടപടികൾ സ്വീകരിക്കുന്നതിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.


വളരെ പുതിയ വളരെ പഴയ