Zygo-Ad

സംസ്ഥാനത്ത് പെരുമഴ :വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആവശ്യപ്പെട്ട് കലക്ടർമാരുടെ ഫെയ്സ്ബുക്ക് പേജുകളിൽ കമന്റ് പൂരം


 

തിരുവനന്തപുരം :സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ തുടരുന്നതിനിടയിൽ സ്കൂളുകൾക്ക് അവധി ആവശ്യപ്പെട്ട് ജില്ലാ കലക്ടർമാരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കമന്റ് പൂരം. പെരുമഴയത്ത് പുറത്തിറങ്ങാൻ പറ്റുന്നില്ലെന്നും ഒരു ദിവസത്തെ അവധി അനുവദിക്കണമെന്നുമാണ് എറണാകുളം, തൃശൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലാ കലക്ടർമാരുടെ പേജുകളിൽ ആളുകൾ കമന്റുകളിലൂടെ ആവശ്യപ്പെടുന്നത്.

മഴയാണേ അവധി തരുമോ, എന്ത് കലക്ടറാണ് മഴ പെയ്യുന്നത് കണ്ടൂടെ, കുട്ട്യോൾക്ക് അവധി കൊടുത്തൂടെ എന്നിങ്ങനെ രസകരവും പ്രതിഷേധം നിറഞ്ഞതുമായ നിരവധി കമന്റുകളാണ് പേജുകളിൽ നിറയുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ പേരും മഴ തുടങ്ങിയ സമയവും കൃത്യമായി ചൂണ്ടിക്കാണിച്ചാണ് പലരും അവധി അഭ്യർഥനയുമായി എത്തിയിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പോലും ഇതുവരെയും ഔദ്യോഗികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. മഴയുടെ തീവ്രതയും പ്രാദേശിക സാഹചര്യങ്ങളും വിലയിരുത്തി അതത് ജില്ലാ കലക്ടർമാരാണ് അവധിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ പോലെ പ്രവർത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

സംസ്ഥാനത്ത് രാവിലെ മുതൽ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നും ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.



വളരെ പുതിയ വളരെ പഴയ