തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു കൊണ്ട് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു.
'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂണ്‍ 15 മുതല്‍ നിലവില്‍ വരും. മുഖ്യമന്ത്രി വി.ഡി. സതീശനാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് യാതൊരുവിധ വരുമാന പരിധിയോ പ്രായപരിധിയോ ബാധകമായിരിക്കില്ല. സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. സ്ത്രീകള്‍ക്ക് പുറമെ ട്രാൻസ്‌ജെൻഡർ വിഭാഗത്തില്‍പ്പെട്ടവർക്കും ഓർഡിനറി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സൗജന്യ യാത്ര കാരണം കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും വരുമാന നഷ്ടവും സർക്കാർ നേരിട്ട് നികത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
പൊതുഗതാഗതത്തെ കൂടുതല്‍ ജനകീയമാക്കാനും സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡറുകള്‍ക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പു വരുത്താനുമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
കെഎസ്‌ആർടിസിയുടെ ഈ പുതിയ തീരുമാനം സാധാരണക്കാരായ ധാരാളം സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാകും.
