ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ഉപഭോക്താക്കൾക്ക് ആശ്വാസമായി വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നു. ഇതോടൊപ്പം ഗാർഹിക സിലിണ്ടറുകളുടെ വിലയിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചർച്ച നടത്തിക്കഴിഞ്ഞു. പുതുക്കിയ നിരക്കുകൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് മന്ത്രാലയത്തിൽ നിന്നുള്ള വിവരം.
ഹോർമൂസ് പ്രതിസന്ധി ഒഴിഞ്ഞു; എണ്ണ ഇറക്കുമതി സാധാരണ നിലയിൽ
അന്താരാഷ്ട്ര തലത്തിൽ ഹോർമൂസ് കടലിടുക്കിലുണ്ടായിരുന്ന പ്രതിസന്ധികൾക്ക് അയവ് വന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ. നിലവിൽ എണ്ണ ഇറക്കുമതി പൂർണ്ണമായും സാധാരണ നിലയിലായെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. എണ്ണക്കമ്പനികളുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം വിലക്കുറവ് സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകും.
നിയന്ത്രണങ്ങൾ നീക്കി; ഹോട്ടൽ മേഖലയ്ക്ക് വലിയ ആശ്വാസം
വില കുറയ്ക്കുന്നതിന് മുന്നോടിയായി വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള വാണിജ്യ മേഖലയ്ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് പ്രത്യേക കത്ത് കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ തടസ്സങ്ങൾ മാറിയ സാഹചര്യത്തിൽ, യുദ്ധത്തിന് മുൻപുള്ള വിതരണ സ്ഥിതി രാജ്യത്ത് പുനഃസ്ഥാപിക്കാനാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതോടൊപ്പം പിഎൻജി (Pipe Natural Gas) കണക്ഷൻ എടുത്ത ഉപഭോക്താക്കൾ അത് തുടർന്നുപയോഗിക്കണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
