സി എം ആർ എൽ എക്സ്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഉടൻ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയക്കും. കേസിൽ നേരത്തെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ പണം പൂർണ്ണമായി കണ്ടുകെട്ടാനുള്ള നിയമനടപടികളിലേക്കും ഇ ഡി കടക്കുകയാണെന്നാണ് സൂചനകൾ.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇ ഡി നിലവിൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. എക്സ്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിവിധ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക സ്രോതസ്സുകളും കേന്ദ്ര ഏജൻസി നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിന് തുടർച്ചയായാണ് ഇപ്പോൾ അക്കൗണ്ടുകൾ പൂർണ്ണമായി കണ്ടുകെട്ടുന്നതടക്കമുള്ള കർശനമായ നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരങ്ങൾ.
