തിരുവനന്തപുരം: രണ്ടായിരത്തിയിരുപത്താറിലെ ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കായിക പ്രേമികൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി കെഎസ്ഇബി. ആരാധകർ തങ്ങളുടെ ഇഷ്ട ടീമുകളുടെ ഫ്ലെക്സുകൾ, ബാനറുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ പൊതുവഴികൾക്ക് കുറുകെയും വൈദ്യുതി ലൈനുകൾക്ക് സമീപവും സ്ഥാപിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
കൊടികളും ബാനറുകളും കെട്ടുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനുകളുമായി സമ്പർക്കമുണ്ടായാൽ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും വരെ സാധ്യതയുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഇത്തരം ബാനറുകളും കൊടിതോരണങ്ങളും പൊട്ടി വൈദ്യുതി ലൈനുകളിലേക്ക് വീഴുന്നത് മൂലം വലിയ തോതിൽ വൈദ്യുതി തടസമുണ്ടാകാനും ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കാനും സാധ്യതയേറെയാണെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
ലോകകപ്പ് ആവേശത്തിനിടയിലും ജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണം. ഏതെങ്കിലും തരത്തിലുള്ള വൈദ്യുതി അപകടസാധ്യതയോ ലൈനുകളിലേക്ക് ബാനറുകൾ വീഴുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സമീപത്തുള്ള കെഎസ്ഇബി സെക്ഷൻ ഓഫീസിലോ അല്ലെങ്കിൽ ഒൻപത് നാല് ഒൻപത് ആറ് പൂജ്യം ഒന്ന് പൂജ്യം ഒന്ന് പൂജ്യം ഒന്ന് എന്ന എമർജൻസി നമ്പരിലോ വിവരമറിയിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
