Zygo-Ad

മോദി സർക്കാരിന്റെ പരസ്യങ്ങൾക്കായി ആറ് വർഷത്തിനിടെ കേന്ദ്രം ചെലവിട്ടത് 2586 കോടി രൂപയെന്ന് വിവരാവകാശ രേഖകൾ

 


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര പദ്ധതികളുടെയും പരസ്യങ്ങൾക്കായി കഴിഞ്ഞ ആറ് വർഷത്തിനിടെ കേന്ദ്ര സർക്കാർ 2586 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2020 മുതൽ 2026 വരെയുള്ള കാലയളവിൽ അച്ചടി മാധ്യമങ്ങൾ, ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ഹോർഡിങ്ങുകൾ എന്നിവ വഴിയുള്ള പ്രചാരണങ്ങൾക്കാണ് ഇത്രയും വലിയ തുക വിനിയോഗിച്ചത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻസ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

വിവിധ മാധ്യമങ്ങളിലെ പരസ്യച്ചെലവുകളുടെ കണക്കുകൾ ഇപ്രകാരമാണ്. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി ആറ് വർഷത്തിനിടെ 796 കോടി രൂപ ചെലവിട്ടു. ഇതിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം പത്രപരസ്യങ്ങൾക്കായി 338 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. റേഡിയോ, ടെലിവിഷൻ പരസ്യങ്ങൾക്കായി ഏകദേശം 936 കോടി രൂപയും ഹോർഡിങ്ങുകൾ ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ പരസ്യങ്ങൾക്കായി 583.97 കോടി രൂപയും മന്ത്രാലയം ചിലവഴിച്ചതായി കണക്കുകൾ കാണിക്കുന്നു. അഞ്ച് വർഷത്തിനിടെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പരസ്യങ്ങളുടെ ചിലവിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2020-21ൽ ഡിജിറ്റൽ പരസ്യങ്ങൾക്കായി 14 കോടി രൂപ മാത്രം ചെലവഴിച്ച സ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം അത് 131.35 കോടി രൂപയായി ഉയർന്നു. അതായത് ഡിജിറ്റൽ പരസ്യച്ചെലവ് ഏകദേശം പത്തിരട്ടിയോളമാണ് വർദ്ധിച്ചത്.

തൃണമൂൽ കോൺഗ്രസ് രാജ്യസഭ എംപി സാകേത് ഗോഖലെ ജൂൺ ഒന്നിന് നൽകിയ വിവരാവകാശ അപേക്ഷയെ തുടർന്നാണ് ഈ വിവരങ്ങൾ പുറത്തു വന്നത്. എന്നാൽ ഈ പരസ്യ കരാറുകൾ ഏതെല്ലാം ഏജൻസികൾക്കാണ് നൽകിയതെന്ന വിവരം വെളിപ്പെടുത്താൻ സിബിസി തയ്യാറായിട്ടില്ല. ഇത് വാണിജ്യ രഹസ്യമാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

അതേസമയം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ വ്യക്തിഗത പ്രചാരണത്തിനായി ഇത്രയും വലിയ തുക ചെലവഴിച്ചതിനെതിരെ സാകേത് ഗോഖലെ രംഗത്തെത്തി. ഒരു ഏജൻസി വഴി മാത്രം പുറത്തുവന്ന കണക്കാണിതെന്നും മറ്റ് മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നേരിട്ട് നടത്തിയ പരസ്യങ്ങളുടെ വിവരങ്ങൾ കൂടി ചേർത്താൽ യഥാർത്ഥ തുക ഇതിലും എത്രയോ മുകളിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ പരസ്യങ്ങളെ ആയുധമാക്കി മാധ്യമങ്ങളെ സ്വാധീനിക്കാനും തങ്ങളുടെ നിയന്ത്രണത്തിലാക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

വളരെ പുതിയ വളരെ പഴയ