Zygo-Ad

ബന്ധു നിയമനത്തില്‍ സണ്ണി ജോസഫ് തെറ്റുതിരുത്തി, ബെന്നി തോമസ് പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജി വച്ചു: കത്ത് മുഖ്യമന്ത്രിക്ക് കൈമാറി


തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിതനായിരുന്ന സഹോദരീ ഭർത്താവ് രാജി വെച്ചു.

ബന്ധു വിവാദത്തില്‍പ്പെട്ട മന്ത്രിയുടെ സഹോദരീ ഭർത്താവും കണ്ണൂർ ഡി സി.സി ജനറല്‍ സെക്രട്ടറിയുമായ ബെന്നി തോമസാണ് രാജിവെച്ചത്. 

രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ബന്ധുവിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് പാർട്ടിക്കകത്തും പുറത്തും വിവാദമായതോടെയാണ് രാജി.

സംഭവം വിവാദമായതിനു പിന്നാലെ ബെന്നിയെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

 എന്നാല്‍, ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തില്‍ പ്രതികരിച്ചത്.

കണ്ണൂർ ഉളിക്കല്‍ സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമാണ് ബെന്നി തോമസ്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിനെതിരേ യുഡിഎഫ് രൂക്ഷ വിമർശനമുയർത്തിയിരുന്നു.

 അതേ മുന്നണിയില്‍ നിന്നു തന്നെ ഈ രീതിയിലുള്ള നിയമനം വന്നതാണ് വലിയ വിമർശനങ്ങള്‍ക്കിടയാക്കിയത്. ഇതോടെ അത്തരമൊരു കാര്യം ചെയ്യാണ്ടായിരുന്നുവെന്ന് പാർട്ടിക്കകത്തു നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു.

വളരെ പുതിയ വളരെ പഴയ