Zygo-Ad

കൈ പൊള്ളിക്കും പാചകം: ഗാർഹിക എൽപിജി വില വീണ്ടും കൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാം തവണ


ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക (എൽപിജി) വില വീണ്ടും വർധിപ്പിച്ചു.

 സിലിണ്ടറൊന്നിന് 29 രൂപയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. പുതുക്കിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്.

പുതിയ നിരക്ക് വർധനവോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്നും 942 രൂപയായി ഉയർന്നു. 

കഴിഞ്ഞ മാർച്ചിൽ പാചകവാതകത്തിന് 60 രൂപ വർധിപ്പിച്ചിരുന്നു. ഇതിനു പുറമെ, ഈ മാസം ആദ്യം വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയിലും 42 രൂപയുടെ വർധനവ് വരുത്തിയിരുന്നു.

വിലക്കയറ്റത്തിന് പിന്നിൽ പശ്ചിമേഷ്യൻ പ്രതിസന്ധി

പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ഊർജ വിതരണത്തെ സാരമായി ബാധിച്ചതും വിലക്കയറ്റത്തിന് കാരണമായതുമെന്നാണ് റിപ്പോർട്ടുകൾ. ആഗോള വിപണിയിലെ പ്രതിസന്ധി മൂലം പൊതുമേഖലാ എണ്ണക്കമ്പനികൾ കനത്ത നഷ്ടമാണ് നേരിടുന്നത്.

വലിയ നഷ്ടത്തിൽ എണ്ണക്കമ്പനികൾ

നിലവിലെ വില വർധനവിന് മുൻപ്, വിപണി വിലയനുസരിച്ച് ഒരു സിലിണ്ടർ വിൽക്കുമ്പോൾ എണ്ണക്കമ്പനികൾക്ക് 703 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ (PTI) റിപ്പോർട്ട് ചെയ്തു.

തുടർച്ചയായുണ്ടാകുന്ന ഈ വിലവർധനവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് മേൽ വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തി വെക്കുന്നത്

വളരെ പുതിയ വളരെ പഴയ